വ്യാജ പരിവാഹന്‍ സൈറ്റ് വഴി തട്ടിപ്പ്: റിട്ട. ഉദ്യോഗസ്ഥന് 98,500 രൂപ നഷ്ടം
കൊച്ചി: ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ 1000 രൂപ പിഴ അടയ്ക്കണമെന്ന് വാട്സ്ആപ് സന്ദേശം അയച്ച്, വ്യാജ പരിവാഹന്‍ സൈറ്റ് വഴി വന്‍തുക തട്ടിയെടുക്കുന്ന സംഘത്തിനെതിരെ 20 പേര് സൈബര്‍ പൊലീസില്‍ പരാതി നല്കി. പട്ടികജാതി റിട്ട. ഉദ്യോഗസ്ഥനും പുരോഗമന കലാ സാഹിത്യ സംഘം തൃക്കാക്കര ഏരിയ പ്രസിഡന്റുമായ എന്‍എച്ച് അന്‍വറിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് — 98,500 രൂപ. അന്‍വറിന്റെ കാര്‍ ഗതാഗത നിയമലംഘനം ചെയ്തതായി പറയുന്ന സന്ദേശം രാത്രി 12 മണിക്ക് വാട്സ്ആപ്പില്‍ ലഭിച്ചു. 1000 രൂപ പിഴ അടച്ചാല്‍ മാത്രമേ വാഹനം വിട്ടുകൊടുക്കൂവെന്നും സന്ദേശം വ്യക്തമാക്കി. മകന് കാറില്‍ വിനോദയാത്രയില്‍ പോയിരുന്നതിനാല്‍ സന്ദേശം വിശ്വസിച്ച അന്‍വര്‍ ലിങ്ക് ക്ലിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി സന്ദേശങ്ങളും ഫോണ്‍ കോളുകളും അന്‍വറിന്റെ ഫോണിലേക്ക് എത്തി. പിന്നീട് മൂന്ന് തവണകളായി 50,000 രൂപ, 45,000 രൂപ, 3500 രൂപ എന്നിങ്ങനെ തുകകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി സന്ദേശം ലഭിച്ചു. ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അന്‍വര്‍ സൈബര്‍ പൊലീസില്‍ പരാതി നല്കി. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.